കോവിഡ് നിബന്ധനകളും മാനദണ്ഡങ്ങളും ലംഘിച്ചതിന്റെ പേരിൽ ഇത്തിഹാദ് എയർ വെയ്സിന് ദില്ലി സർക്കാർ നോട്ടീസ് നൽകി. രാജ്യത്ത് ഒമിക്രോൺ വൈറസിനെതിരായ ജാഗ്രത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിബന്ധനകൾ പാലിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തിഹാദ് എയര്‍വേയ്സിന് ദില്ലി സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ചിലത് ഇത്തിഹാദ് കമ്പനി പാലിച്ചില്ലെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരുടെ കാര്യത്തില്‍ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയ മറ്റ് മൂന്ന് വിമാനക്കമ്പനികള്‍ക്കും അടുത്തിടെ നോട്ടീസ് നല്‍കിയിരുന്നു.
24 മണിക്കൂറിനകം ഇത്തിഹാദിന്റെ സ്റ്റേഷന് മാനേജര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് വസന്ത് വിഹാര്‍ സബ്ഡിവിഷണ് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി നൽകിയില്ലെങ്കിൽ വിശദീകരണമൊന്നും നല്‍കാനില്ലെന്ന് കണക്കാക്കി ദുരന്ത നിവാരണ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരവും നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.