സിംഗപ്പൂർ എയർലൈൻസ് 30 മുതൽ കൊച്ചിയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കും. കൊച്ചിയിൽ നിന്നു യുകെ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ നേരത്തെ ആരംഭിച്ചിരുന്നു. ഈ വർഷാവസാനത്തോടെ കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെങ്കിലും പുതിയ അതി തീവ്ര കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കേന്ദ്രം യാത്രാ മാർഗനിർദേശങ്ങൾ കടുപ്പിച്ചിട്ടുണ്ടെന്നും സിയാൽ അറിയിച്ചു.
നവംബർ 30 മുതൽ ആഴ്ചയിൽ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലായി സിംഗപ്പൂരിലേക്ക് മൂന്ന് വിമാന സർവീസുകൾ ഉണ്ടാകും. രാത്രി 10.15 ന് സിംഗപ്പൂരിൽ നിന്ന് കൊച്ചിയിലെത്തുന്ന വിമാനം 11.05 ന് തിരിച്ചു സിംഗപ്പൂരിലേക്ക് മടങ്ങും. സിംഗപ്പൂരിൽ നിന്നെത്തുന്നവർ കൊച്ചി വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്തുകയും ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിക്കുകയും വേണം. എട്ടാം ദിവസം വീണ്ടും ആർടിപിസിആർ പരിശോധന നടത്തി പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാം. പോസിറ്റീവ് ആണെങ്കിൽ വീണ്ടും ക്വാറന്റൈനിൽ തുടരണം.