കൊറോണ വൈറസിന്റെ അതി തീവ്ര വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യാന്തര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി. ബുധനാഴ്ച മുതൽ പുതിയ മാർഗരേഖ പ്രാബല്യത്തിൽ വരും. 12 രാജ്യങ്ങളെ ഹൈ റിസ്ക് പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ബംഗ്ലദേശ്, ഇസ്രയേല്‍, സിംഗപ്പുർ, മൗറീഷ്യസ്, ബോട്സ്വാന, ന്യൂസീലന്‍ഡ്, ചൈന, സിംബാബ്‌വെ, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് ഹൈ റിസ്ക് പട്ടികയിലുള്ളത്. രാജ്യാന്തര യാത്രക്കാർ ‘എയർ സുവിധ’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് യാത്രയ്ക്ക് 14 ദിവസം മുൻപുള്ള വിവരങ്ങൾ നൽകണമെന്ന് പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
രാജ്യത്ത് എത്തിയാൽ സ്വന്തം ചിലവിൽ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഫലം നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വേണമെന്നും നിർദേശത്തിൽ പറയുന്നു.