സൗദി അറേബ്യയിൽ പകർച്ചപ്പനി കൂടുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കോവിഡ് മുൻകരുതൽ നടപടികൾ ലഘൂകരിച്ചതിനാൽ പകർച്ചപ്പനി വർധിക്കാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു. സ്വദേശികളും വിദേശികളും പ്രതിരോധ കുത്തിവെപ്പെടുക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
പകർച്ചപ്പനി ആളുകളെ ബാധിക്കുന്നത് വ്യത്യസ്ത രീതിലായിരിക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് മരണം സംഭവിക്കാൻ വരെ സാധ്യത ഉണ്ട്. ആരോഗ്യമുള്ളവരും ജാഗ്രത പാലിക്കണം. കാലാവസ്ഥാ വ്യതിയാനവും പകർച്ചപ്പനിക്ക് കാരണമായേക്കാം. ഡിസംബർ മുതൽ മൂന്ന് മാസം രാജ്യത്ത് ശൈത്യകാലമാണ്. അതിനാൽ പകർച്ചവ്യാധികൾ വരാതിരിക്കാൻ എല്ലാവരും ഇൻഫ്ലുവൻസ പ്രതിരോധ വാക്‌സിൻ സ്വീകരിക്കാൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി വാക്‌സിൻ സ്വീകരിക്കാം. വ്യക്തി ശുചിത്വം പാലിക്കണമെന്നും നിർദേശമുണ്ട്.