ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തയ്യാറായി സൗദി. കച്ചവട സ്ഥാപനങ്ങളിൽ കയറ്റിയിറക്കുന്ന വസ്തുക്കളുടെ കണക്ക് പരിശോധിച്ചാകും ഇത് ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ വഴി അസ്വാഭാവികമായ ഇടപാടുകൾ സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിക്ക് അനായാസം കണ്ടെത്താനാകും.
സൗദിയിലെ നിക്ഷേപകരായി ബിനാമി ബിസിനസുകാർക്ക് 2022 ഫെബ്രുവരി 16 വരെ പദവി മാറുന്നതിനുള്ള സൗകര്യം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. കാലാവധിക്ക് ശേഷം അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓരോ സ്ഥാപനത്തിലേയും പണമിടപാടുകൾ സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പരിശോധിച്ച് ഇടപാടുകളിൽ അസ്വാഭാവികതയുള്ളവ തനിയേ കണ്ടു പിടിക്കാൻ സാധിക്കും. പ്രത്യേക നിരീക്ഷണത്തിന് ശേഷം കുറ്റം കണ്ടെത്തിയാൽ നടപടിയെടുക്കും.
കടകളിൽ ഇറക്കുന്നവ, പുറത്തേക്ക് പോകുന്നവ, മടക്കി അയക്കുന്നവ, പണമിടപാട് എന്നിവ ഓൺലൈനിൽ പരിശോധിച്ച് കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. സൗദിയിലെ വിവിധ മന്ത്രാലയങ്ങളിലെ 20 വകുപ്പുകളുടെ സേവനം ഇതിനുണ്ടാകും. ഈ 20 സർക്കാർ വകുപ്പുകളുടെ ഡാറ്റകളെ പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്.