കുവൈത്തിൽ നാലു മാസം നീണ്ടു നിൽക്കുന്ന ശൈത്യകാല തമ്പ് ക്യാമ്പിങ് സീസണ് തുടക്കമായി. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് മരുഭൂമിയിൽ തമ്പുകളിൽ താമസിക്കുന്ന സീസൺ. തണുപ്പ് ആരംഭിക്കാത്തതിനാൽ തമ്പുകൾ സജീവമായിട്ടില്ല.
തമ്പ് മേഖലകളിൽ പരിശോധനക്കായി മുനിസിപ്പൽ- പരിസ്ഥിതി വകുപ്പുകൾക്ക് കീഴിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റി നിർണ്ണയിച്ചു നൽകിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മരുഭൂമി പ്രദേശങ്ങളിൽ മാത്രമാണ് തമ്പുകൾ പണിയാൻ അനുമതി നൽകിയിട്ടുള്ളത്. 21 വയസ്സിന് മുകളിലുള്ളവർക്ക് മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴി തമ്പിന് അപേക്ഷിക്കാം.