അജ്മാന്: മാസങ്ങളായി ഷാര്‍ജയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് മംഗലാട് സ്വദേശി അബ്ദുള്‍ സത്താര്‍ ആണ് മരിച്ചതെന്ന് സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്.
മൃതദേഹം കണ്ടെത്തിയശേഷം മരിച്ച വ്യക്തി മലയാളിയാണെന്ന് ഷാര്‍ജ പോലീസ് കണ്ടെത്തിയിരുന്നു. അബ്ദുള്‍ സത്താര്‍ തുണ്ടിക്കണ്ടിയില്‍ എന്ന പേര് മാത്രമാണ് പോലീസിന് കണ്ടെത്താനായത്. ഇയാളുടെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല.
വാര്‍ത്തയറിഞ്ഞ സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി മരിച്ചയാളുടെ ചിത്രം സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍നിന്നും ചിലര്‍ മരിച്ചയാളെ തിരിച്ചറിയുകയായിരുന്നു.
അബ്ദുള്‍ സത്താറിന് നാട്ടില്‍ പത്ത് വയസ്സുള്ള മകനും ഭാര്യയുമുണ്ട്. അബുദാബിയില്‍ ഒരു കഫ്തീരിയയില്‍ ജോലിനോക്കിവന്നിരുന്ന ഇദ്ദേഹം രണ്ട് വര്‍ഷം മുമ്പ് വിസ ക്യാന്‍സലായതിന് ശേഷം പിന്നീട് എങ്ങോട്ടുപോയെന്ന് ബന്ധുക്കള്‍ക്ക് വിവരമുണ്ടായിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.