സ്പോണ്‍സര്‍ഷിപ്പ് മാറ്റം കൂടുതല്‍ എളുപ്പമാക്കികൊണ്ടുള്ള പുതിയ നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കി മാനവ വിഭവശേഷി മന്ത്രാലയം. കഴിഞ്ഞ വര്‍ഷം മുതല്‍ സൗദിയിൽ പ്രാബല്യത്തിലായ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റ നിയമത്തിലാണ് പുതിയ ഭേദഗതി വരുത്തിയത്. രാജ്യത്തെത്തി ആദ്യ ഒരു വര്‍ഷം അതേ സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. ഇനി മുതല്‍ പുതുതായി രാജ്യത്തേക്കെത്തുന്ന വിദേശികള്‍ക്കും ഉടന്‍ സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കും.
എന്നാല്‍ സ്‌പോൺസർഷിപ്പ് മാറാൻ എടുക്കുന്ന കാലയളവില്‍ തൊഴിൽ മാറ്റത്തിനുവേണ്ടി നിലവിലെ സ്പോണ്‍സറുടെ അനുമതി വേണം. മൂന്ന് ഭേദഗതികളാണ് തൊഴില്‍ നിയമത്തില്‍ വരുത്തിയിരിക്കുന്നത്. സ്‌പോൺസർഷിപ്പ് മാറിക്കിട്ടുന്നതുവരെ തൊഴിൽ മാറ്റത്തിന് നിലവിലെ സ്‌പോൺസറുടെ അനുമതി വേണം, തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ അവസാനിച്ചാല്‍ നിലവിലെ സ്പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ തൊഴില്‍ മാറ്റം അനുവദിക്കും, തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കില്‍ 77ലെ വ്യവസ്ഥകള്‍ പ്രകാരം തൊഴിലുടമയുടെ അംഗീകാരമില്ലാതെ തൊഴില്‍ മാറ്റം അനുവദിക്കും തുടങ്ങിയവയാണ് തൊഴിൽ നിയമത്തിൽ വരുത്തിയിരിക്കുന്ന മൂന്ന് ഭേദഗതികൾ.