ബ്ലൂ വാട്ടേഴ്സ് ഐലന്റിൽ 250 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം ‘ഐൻ ദുബായ്’ റെക്കോർഡിലേക്കുള്ള ആഘോഷപൂർവ്വമായ കറക്കം ആരംഭിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിരീക്ഷണ ചക്രത്തിന് മുകളിൽ ഇരിക്കുന്ന ചിത്രം ഉദ്ഘാടന ദിവസം തന്നെ വൈറൽ ആയിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത-നൃത്ത പരിപാടികളും, കരി മരുന്ന് പ്രയോഗം, ലൈറ്റ് ഷോ, ഡ്രോൺ ഷോ തുടങ്ങിയ പരിപാടികളും അരങ്ങേറിയിരുന്നു. 360 ഡിഗ്രി ദൃശ്യാനുഭവത്തോടെ നഗരത്തിന്റെയും കടലിന്റെയും ഭംഗി ആസ്വദിക്കാൻ കഴിയുന്ന ഐൻ ദുബൈയിൽ ഒരു സമയം 1750 പേർക്ക് കയറാവുന്നതാണ്.
അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന 48 പാസഞ്ചർ ക്യാബിനുകളുള്ള ചക്രത്തിൽ ഒരു തവണ കറങ്ങാൻ 38 മിനിറ്റ് വേണം. ഒരു ക്യാബിനിൽ 40 പേർക്ക് വരെ യാത്ര ചെയ്യാവുന്നതാണ്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിലവിൽ 7 പേരെ മാത്രമേ ഒരു ക്യാബിനിൽ അനുവദിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി aindubai.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.