രേഖകളില്ലാതെ ഖത്തറില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് താമസവും ജോലിയും നിയമ വിധേയമാക്കാന്‍ ഞായറാഴ്ച്ച മുതൽ പ്രത്യേക അവസരം ഒരുക്കിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 10 ഞായറാഴ്‍ച മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഗ്രേസ് പീരിഡാണ് ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്‍ക്ക് ശേഷം ഒരു മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഇതിനായി അപേക്ഷ നല്‍കാനാവുക.
ഉമ്മു സലാല്‍, ഉമ്മു സുനൈം, മിസൈമീര്‍, അല്‍ വക്റ, അല്‍ റയ്യാന്‍ എന്നീ സര്‍വീസ് സെന്ററുകളില്‍ അപേക്ഷ നല്‍കാനാവും. പ്രവാസികളുടെ പ്രവേശനം, തിരിച്ചുപോക്ക്, താമസം എന്നിവ സംബന്ധിച്ച 2015ലെ നിയമത്തിലെ 21-ാം വകുപ്പ് അനുസരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ നടപടികള്‍ക്കായി സെര്‍ച്ച് ആന്റ് ഫോളോ അപ്പ് വകുപ്പിനെ സമീപിക്കാവുന്നതാണ്.