16 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അബുദാബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിർബന്ധം. സ്വദേശികൾക്കും വിദേശികൾക്കും ഇതര എമിറേറ്റിൽനിന്ന് അബുദാബിയിൽ എത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും ഗ്രീൻ പാസ് നിർബന്ധമാണ്. കോവിഡ് വാക്സീൻ, പിസിആർ ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗ്രീൻ പാസ് ലഭ്യമാകുക. അൽഹൊസൻ ആപ്പുമായി വാക്സീൻ വിവരങ്ങളും പിസിആർ ടെസ്റ്റ് ഫലവും ബന്ധിപ്പിച്ചാണ് ഗ്രീൻ പാസ് ലഭിക്കുക.
2 ഡോസ് വാക്സീൻ എടുത്ത 16 വയസ്സിനു മുകളിലുള്ളവർക്ക് 30 ദിവസത്തേക്കും വാക്സീൻ എടുക്കാത്തവർക്ക് പിസിആർ നെഗറ്റീവ് ആണെങ്കിൽ 7 ദിവസത്തേക്കുമാണ് ഗ്രീൻ പാസ് ലഭിക്കുക. 16 വയസ്സിനു താഴെയുള്ളവർക്ക് പിസിആർ ടെസ്റ്റ് നടത്താതെ തന്നെ ഗ്രീൻ പാസ് ലഭിക്കും. റസ്റ്ററന്റ്, കോഫി ഷോപ്പ്, ജിം, വിനോദ–കായിക കേന്ദ്രങ്ങൾ, ഹെൽത്ത് ക്ലബ്, ഹോട്ടൽ, റിസോർട്ട്, മ്യൂസിയം, സാംസ്കാരിക കേന്ദ്രങ്ങൾ, തീം പാർക്ക്, യൂണിവേഴ്സിറ്റി, സർക്കാർ–സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിർബന്ധമാണ്. എന്നാൽ സൂപ്പർമാർക്കറ്റുകളിലും, ഫാർമസികളിലും ഗ്രീൻപാസിനെ ആവശ്യമില്ല.