സൗദി: 5000 കോടി റിയാൽ മുതൽമുടക്കിൽ അസീറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു. കിരീടാവകാശിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് അസീറിലേക്കുള്ള ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. വര്‍ഷം മുഴുവന്‍ വിനോദ സഞ്ചാരികളെ ആകർഷിക്കുകയും അതിലൂടെ ആഗോള ടൂറിസ്റ്റ് കേന്ദ്രമായി അസീര്‍ പ്രവിശ്യയെ മാറ്റുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
2030 ഓടെ പ്രതിവര്‍ഷം സൗദി അറേബ്യക്കകത്തു നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള ഒരു കോടിയിലേറെ സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് ശ്രമം. അസീറിലേക്കുള്ള റോഡുകള്‍, അബഹയിലെ ടൂറിസം കേന്ദ്രങ്ങള്‍, ഇതര ഭാഗങ്ങളിലെ തെരുവുകള്‍ എന്നിവ കൂടുതൽ മോഡി പിടിപ്പിക്കുകയും പുറം ലോകത്തിന് അധികമറിയാത്ത ഉള്‍നാടന്‍ മേഖലകളിലും മലയോരങ്ങളിലും സാഹസിക വിനോദ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. ഇതുവഴി പ്രവിശ്യയിലെ സാമൂഹിക സാമ്പത്തിക വികസനത്തിനും വിവിധ ജോലി സാധ്യതകൾക്കും വഴി തെളിക്കാൻ സാധിക്കും.