സംസാര, ശാരീരിക പരിമിതികളുള്ളവർക്കു കൈ തൊടാതെ ഫോണുപയോഗിക്കാനായി മെഷീൻലേണിങ് അധിഷ്ഠിത ടൂളുകളായ പ്രോജക്ട് ആക്ടിവേറ്റ്, ക്യാമറ സ്വിച്ചസ് എന്നിവ ഗൂഗിൾ ആൻഡ്രോയ്ഡ് പുറത്തിറക്കി. പ്രോജക്ട് ആക്ടിവേറ്റ് പ്രത്യേക ആപ്പായി പ്ലേ സ്റ്റോറിലുണ്ട്. നിലവിൽ ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, യുഎസ് എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഇതു ഡൗൺലോഡ് ചെയ്യാം.
മൊബൈലിലെ ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് ഇവ പ്രവർത്തിപ്പിക്കാം. പുറത്തിറങ്ങാൻ പോകുന്ന ആൻഡ്രോയ്ഡ് 12 പാക്കേജിൽ ക്യാമറ സ്വിച്ചസ് ഉൾപ്പെട്ടിട്ടുണ്ട്. ഏതെല്ലാം ചലനത്തിന് എന്തെല്ലാം പ്രവൃത്തി വേണമെന്നും സെൻസിറ്റിവിറ്റി എത്ര വേണമെന്നുമൊക്കെ തിരഞ്ഞെടുക്കാൻ സാധിക്കും. ചിരിയിലൂടെയോ, പുരികം ഉയർത്തുന്നതിലൂടെയോ വായ തുറക്കുന്നതിലൂടെയോ അല്ലെങ്കിൽ വശങ്ങളിലേക്കു മുഖം ചരിക്കുന്നത് വഴിയോ മൊബൈലിലെ ഓപ്ഷനുകൾ പ്രവർത്തിപ്പിക്കാൻ യൂസെറിന് സാധിക്കും.