ലോകത്തെ പ്രമുഖരായ പുസ്തക പ്രസാധകരെല്ലാം പങ്കെടുക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര പുസ്തകമേള റിയാദില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. സൗദി സാംസ്കാരിക വകുപ്പിന് കീഴിലുള്ള ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്‍ഡ് ട്രാന്സ്ലേഷന് കമ്മീഷന് ആണ് മേള സംഘടിപ്പിക്കുന്നത്. റിയാദ് എയര്‍പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ട് മാളിലാണ് ഇത്തവണ മേള. ഈ വര്‍ഷത്തെ വിശിഷ്ടാതിഥി രാജ്യം ഇറാഖ് ആണ്.
മുന്‍ വര്‍ഷങ്ങളില്‍ റിയാദ് ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററിലായിരുന്നു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്നില്ല. ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ പ്രസാധകരുടെ സമ്മേളനം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രിയും ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്സ്ലേഷന് കമ്മീഷന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ബദ്ര് ബിന്‍ അബ്ദുല്ല ബിന്‍ ഫര്ഹാന് രാജകുമാരന് അറിയിച്ചു. സൗദിയില്‍ സംഘടിപ്പിക്കുന്ന ആദ്യ പ്രസാധക സമ്മേളനമാണിത്.
16 സാംസ്കാരിക മേഖലകളെ പ്രതിനിധീകരിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് മേള വേദിയാകും.സാഹിത്യ, സാംസ്കാരിക സെമിനാറുകളും കവിയരങ്ങുകളും കലാ, വായന, പ്രസാധന, വിവര്‍ത്തന മേഖലകളിലെ വൈവിധ്യമാര്‍ന്ന ശില്പശാലകളും മേളയില്‍ ഉണ്ടാവും. ബുക്ക്ഫെയറില് എത്താന്‍ സാധിക്കാത്തവര്‍ക്ക് ഇ-സ്റ്റോര്‍ സൗകര്യവും മുഴുവന്‍ പ്രസാധകര്‍ക്കും ഇ-സെയില്‍സ് പോയിന്റുകളും ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്സ്ലേഷന് കമ്മീഷന് നല്‍കുന്നുണ്ട്.