സൗദി: വിദേശ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണവും മാർഗ രേഖയും തയ്യാറാക്കുന്നതിന് സൗദിയിൽ മന്ത്രി തല സമിതിക്ക് രൂപം നല്‍കി. രാജ്യ സുരക്ഷയെയും തന്ത്രപ്രധാന മേഖലകളെയും നേരിട്ട് ബാധിക്കുന്ന സംരംഭങ്ങളെ നിയന്ത്രിക്കുകയും നിക്ഷേപം സ്വീകരിക്കാവുന്ന പുതിയ മേഖലകളെ കണ്ടെത്തുകയുമാണ് സമിതിയുടെ ലക്ഷ്യം. സൗദി മന്ത്രിസഭയുടേതാണ് നടപടി.
രാജ്യത്തിന്റെ പൊതു സുരക്ഷ മുന്‍നിര്‍ത്തി നിക്ഷേപ അപേക്ഷകളിന്മേല്‍ തീരുമാനം കൈകൊള്ളുന്നതിനും സമിതിയെ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയ കോര്‍പ്പറേറ്റുകളുടെയും നിക്ഷേപകരുടെയും പട്ടികയും തയ്യാറാക്കും. രാജ്യത്തേക്കെത്തുന്ന വിദേശ നിക്ഷേപങ്ങളെക്കുറിച്ച് വിശദമായി പഠനം നടത്തി മാനദണ്ഡങ്ങള്‍ നിശ്ചയിക്കാൻ ആണ് സമിതിക്ക് രൂപം നൽകിയത്. നിക്ഷേപ മന്ത്രിയാണ് സമിതിയുടെ അധ്യക്ഷ പദവി അലങ്കരിക്കുക.
തന്ത്രപ്രധാനമായതും രാജ്യ സുരക്ഷയെ ബാധിക്കുന്നതുമായ മേഖലകളെ വിദേശ നിക്ഷേപത്തില്‍ നിന്നും ഒഴിവാക്കുക, അനിയന്ത്രിതമായ വിദേശ നിക്ഷേപം നിയന്ത്രിക്കുക, തദ്ദേശ കമ്പനികളിലെ ഓഹരി പങ്കാളിത്തത്തിന് പരിധി നിശ്ചയിക്കുക എന്നിവ പരിഗണിച്ചാണ് തന്ത്രപ്രധാന മേഖലയിലെ നിക്ഷേപങ്ങൾക്കുള്ള നിബന്ധനകളും നിയന്ത്രണങ്ങളും തയ്യാറാക്കുക.