കോവിഡ് വ്യാപന സാഹചര്യത്തെ തുടർന്ന് കഴിഞ്ഞ 18 മാസമായി അടച്ചിട്ട സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂളുകളിൽ ഇന്ന് മുതൽ നേരിട്ടുള്ള ക്ലാസുകൾ പുനഃരാരംഭിക്കും. രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമാണ് ക്ലാസുകളിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. വാക്സിൻ സ്വീകരിച്ച വിദ്യാത്ഥികൾ രക്ഷിതാക്കളുടെ സമ്മതപത്രവും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പിയും ഹാജരാക്കണം. മറ്റുള്ള കുട്ടികൾക്ക് നിലവിലെ ഓൺലൈൻ ക്ലാസിൽ തുടരാവുന്നതാണ്.
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ അധ്യയന സമയം ക്രമീകരിച്ചിട്ടുള്ളത് രാവിലെ എട്ട് മുതൽ ഉച്ചക്ക് 1.20 വരെയാണ്. ജിദ്ദയിൽ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്ന് മുതലും 9, 11 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഈ മാസം 20 മുതലുമാണ് ക്ലാസുകൾ ആരംഭിക്കുക. ജൂബൈൽ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഈ മാസം 26 മുതലാണ് ജുബൈലിൽ 9, 10 ക്ലാസുകൾ ആരംഭിക്കുക.
ദമ്മാമിലെ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂളിൽ 12-ാം ക്ലാസ് തിങ്കളാഴ്ച തുടങ്ങും. 11-ാം ക്ലാസ് ചൊവ്വാഴ്ചയും ആരംഭിക്കും. 10ാം ക്ലാസ് ഈ മാസം 20നും, ഒമ്പതാം ക്ലാസ് 21നുമാണ് പ്രവർത്തിച്ച് തുടങ്ങുക. രാവിലെ 7.45 മുതൽ ഉച്ചക്ക് 12.45 വരെയാണ് ദമ്മാം സ്കൂളിലെ സമയം ക്രമീകരിച്ചിട്ടുള്ളത്. മറ്റുള്ള ക്ലാസുകൾ നിലവിലെ രീതിയിൽ ഓൺലൈനായി തുടരും.