ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ വിജയപാതയിലൂടെ യാത്ര തുടങ്ങിയിട്ട് 12 വർഷങ്ങൾ പൂർത്തിയായി. ദുബൈ മെട്രോ വികസനത്തിൻറ പാതയിലാണ്. 2009 സെപ്റ്റംബർ ഒമ്പതിന് രാത്രി ഒമ്പത് മണിക്ക് ഓട്ടം തുടങ്ങിയതാണ് ദുബൈ മെട്രോ. ഓരോ വർഷവും നീളം കൂടി വരുന്ന മെട്രോ ലൈൻ ഇപ്പോൾ ഓടിയെത്തുന്നത് 75 കിലോമീറ്റർ ദൂരത്തേക്കാണ്.
റെഡ് ലൈനിൽ ഓടിക്കൊണ്ടിരുന്ന മെട്രോ രണ്ട് വർഷത്തിന് ശേഷം 23 കിലോമീറ്റർ നീളത്തിൽ ഗ്രീൻ ലൈൻ യാഥാർഥ്യമാക്കി ഓടാൻ തുടങ്ങി. യൂനിയൻ, ബുർജ്മാൻ സ്റ്റേഷനുകളായിരുന്നു ഈ ലൈനുകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നത്. 12 വർഷത്തിനിടെ 100 കോടിയിലേറെ യാത്രക്കാർ സഞ്ചരിച്ചതായാണ് കണക്ക്. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് ആദ്യമായി ദുബൈ മെട്രോയുടെ സർവീസ് നിർത്തിവെച്ചിരുന്നു. എന്നാൽ ദുബായ് എക്സ്പോയെ ലക്ഷ്യമാക്കി വീണ്ടും പ്രവർത്തനപാതയിലാണ് മെട്രോ.