കോവിഡ് വ്യാപന സാഹചര്യത്തിൽ സൗദി പല രാജ്യങ്ങൾക്കും യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. സൗദി യാത്രാനിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കി. യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മൂന്നു രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാർക്ക് അനുമതി നൽകിയിട്ടുമുണ്ട്.
യു.എ.ഇയിലും അർജന്റീനയിലും ദക്ഷിണാഫ്രിക്കയിലും കൊറോണ വ്യാപനം നിയന്ത്രണ വിധേയമായതായി അറിയിച്ച് ആരോഗ്യ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്നു രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് നേരത്തെ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് എടുത്തുകളയാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ മൂന്നു രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് ബുധനാഴ്ച്ച രാവിലെ 11 മണി മുതൽ തുറമുഖങ്ങളും എയർപോർട്ടുകളും അതിർത്തികളും വഴി സൗദിയിൽ പ്രവേശിക്കാവുന്നതാണ്.