വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർക്ക് യു.എ.ഇയില്‍ പി.സി.ആര് പരിശോധന സൗജന്യമാക്കി. മാസത്തിൽ ഒരിക്കൽ പരിശോധന സൗജന്യമായി ലഭിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. യു.എ.ഇയിലെ 90ശതമാനം വിദ്യാഭ്യാസ രംഗത്തെ ജീവനക്കാരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 36ശതമാനം വിദ്യാർത്ഥികളും വാക്സിൻ എടുത്തിട്ടുണ്ട്. ഒക്ടോബർ മൂന്നു മുതൽ ദുബൈയിൽ പൂർണമായും നേരിട്ട് ക്ലാസിലെത്തുന്ന സംവിധാനത്തിലേക്ക് മാറും.
നിലവിൽ സ്കൂളുകളിൽ ഓൺലൈൻ പഠനവും നേരിട്ട് ക്ലാസിലെത്തിയുള്ള പഠനവും തുടരുന്നുണ്ട്. 12 വയസിന് മുകളിൽ പ്രായമുള്ളവർ വാക്സിനെടുത്തവരല്ലെങ്കിൽ സ്കൂളിൽ പ്രവേശിക്കുന്നതിന് അബുദാബി അടക്കമുള്ള എമിറേറ്റുകളിൽ കൃത്യമായ ഇടവേളകളിൽ പി.സി.ആർ പരിശോധന നടത്തണം. സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രോട്ടോകോൾ ബാധകമായിട്ടുള്ളത്. വാക്സിനെടുത്തവരും 12വയസിൽ താഴെയുള്ള വാക്സിനെടുക്കാത്തവരും മാസത്തിലൊരിക്കൽ പി.സി.ആർ പരിശോധന നടത്തണം.
ദുബൈയിൽ സ്കൂൾ പ്രവേശനത്തിന് വാക്സിൻ സ്വീകരിക്കണമെന്നോ നിശ്ചിത ഇടവേളകളിൽ പി.സി.ആർ പരിശോധന നടത്തണമെന്നോ മാനദണ്ഡമല്ല. സ്കൂൾ തുറക്കുന്നതിന് നിയന്ത്രണങ്ങൾ തീരുമാനിക്കാൻ വിവിധ എമിറേറ്റുകൾക്ക് വിദ്യാഭ്യാസ വകുപ്പ് അനുവാദം നൽകിയിരുന്നു.









