ലേബർ ക്യാംപുകളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ലേബർ ക്യാംപ് ചുമതല വഹിക്കുന്ന വ്യക്തിക്കും നടത്തിപ്പുകാർക്കും 5000 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ. ക്യാമ്പുകളിൽ നിർബന്ധമായും മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം.
അടച്ചിട്ട പൊതു ഇടങ്ങളിലും മാളുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും കണ്ടാൽ 3000 ദിർഹമാണ് പിഴ. എന്നാൽ വാഹനത്തിൽ ഡ്രൈവർ മാത്രമാണെങ്കിലും ഒരു കുടുംബത്തിലെ അംഗങ്ങളും അവരുടെ അടുത്തവരും വീട്ടുജോലിക്കാരും മാത്രമാണെങ്കിലും ഇളവുണ്ട്.
ഷോപ്പിംഗ് മാളുകളിൽ പ്രവേശനത്തിനു മുമ്പ് സന്ദർകരുടെ ശരീരോഷ്മാവ് പരിശോധിക്കാൻ സംവിധാനമില്ലാതിരിക്കുക, പരിധിയിലധികം പേർക്ക് പ്രവേശനം നൽകുക, അകലം പാലിക്കൽ ഉറപ്പാക്കാതിരിക്കുക, സ്ഥാപനങ്ങളിൽ തിക്കും തിരക്കുമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് 20,000 ദിർഹവും കോവിഡ് പ്രതിരോധ നിയമങ്ങൾ തെറ്റിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് 10,000 ദിർഹവുമാണ് പിഴ ഈടാക്കുകയെന്നും അധികൃതർ അറിയിച്ചു.