കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒമാനിലെ ‘മസ്കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ്’ വക 1.64 കോടി. ഒമാന്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ അനുമതി പ്രകാരം 2018ല്‍ കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവർക്കായി മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാനിൽ ധനശേഖരണം നടത്തിയിരുന്നു. ഇതിലൂടെ സമാഹരിച്ച 1,64,24,832 രൂപയാണ് സംസ്ഥാന സർക്കാരിന് കൈമാറിയത്. തുക സ്വീകരിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസം മസ്കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബിന് ലഭിച്ചു.
മൂന്ന് മാസത്തെ കാലാവധിയായിരുന്നു സാമൂഹ്യ ക്ഷേമ മന്ത്രാലയം ധനസമാഹരണത്തിന് വേണ്ട സംഘടിത പ്രവർത്തനങ്ങൾ പരസ്യമായി നടത്താൻ മസ്കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബിന് 2018ൽ അനുവദിച്ചിരുന്നത്. കേരളത്തിൽ അഞ്ച് കോടി രൂപയുടെ സഹായ പദ്ധതികള്‍ നടപ്പിലാക്കുവാനുള്ള പ്രവർത്തനങ്ങൾക്കായിരുന്നു സോഷ്യൽ ക്ലബ് ലക്ഷ്യം വെച്ചിരുന്നത്. മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന് പുറമെ ഒമാനിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും 2018ലെ പ്രളയക്കെടുതിയിൽ കേരളത്തിലേക്ക് സഹായങ്ങൾ എത്തിച്ചിരുന്നു.