ദുബായിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്. എല്ലാത്തരം വിസകളുള്ളവര്‍ക്കും ദുബൈയിലേക്ക് യാത്ര ചെയ്യാമെന്ന് വിവിധ വിമാനക്കമ്പനികള്‍ പുറത്തിറക്കിയ അറിയിപ്പുകളില്‍ പറയുന്നു. ഓഗസ്റ്റ് 30 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ദുബൈയിലേക്ക് പ്രവേശന അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനക്കമ്പനികള്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.
തൊഴില്‍ വിസ, ഷോര്‍ട്ട് സ്റ്റേ / ലോങ് സ്റ്റേ വിസകള്‍, വിസിറ്റ് വിസ, താമസ വിസ, പുതിയതായി ഇഷ്യൂ ചെയ്ത വിസകള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുമുള്ള വിസകളുള്ളവര്‍ക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാമെന്ന് വിമാനക്കമ്പനികൾ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ അറിയിപ്പില്‍ ദുബൈ യാത്രക്കാര്‍ക്ക് മൂന്ന് നിബന്ധനകളാണ് നൽകിയിരിക്കുന്നത്.
- സാധുതയുള്ള താമസ വിസയുള്ളവര്‍ ഫെഡറല്‍ അതിരോറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐ.സി.എ) അല്ലെങ്കില്‍ ജി.ഡി.ആര്.എഫ്.എയുടെയോ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി നേടണം.
- യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ ആര്.ടി.പി.സി.ആര് കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം. പരിശോധനാ ഫലം അംഗീകൃത പരിശോധനാ കേന്ദ്രത്തില്‍ നിന്നുള്ളതായിരിക്കുകയും അതില്‍ ക്യൂ.ആര് കോഡ് ഉണ്ടായിരിക്കുകയും വേണം.
- വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് കൊവിഡ് പരിശോധനാ ഫലവും ഹാജരാക്കണം. ഈ പരിശോധനാ ഫലത്തിലും ക്യൂ.ആര് കോഡ് ഉണ്ടായിരിക്കണം.