യു.എ.ഇയിൽ കോവിഡ് പരിശോധന നിരക്ക് നിശ്ചയിച്ചു. നിലവിൽ 65 മുതൽ 150 ദിർഹം വരെയാണ് വിവിധ സ്ഥാപനങ്ങൾ പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് പി.സി.ആർ പരിശോധനക്ക് 50 ദിർഹമിൽ കൂടുതൽ ഈടാക്കരുതെന്ന് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
വിവിധ ആവശ്യങ്ങൾക്ക് നിരന്തരമായി പി.സി.ആർ പരിശോധന യു.എ.ഇയിൽ ആവശ്യമാണ്. 150 ദിർഹം മുടക്കിയായിരുന്നു പലരും പരിശോധന നടത്തിയിരുന്നത്. ഇതാണ് മൂന്നിലൊന്നായി ചുരുങ്ങിയത്. വിദ്യാർഥികൾക്ക് ‘സേഹ’ കേന്ദ്രങ്ങളിൽ പിസിആർ പരിശോധന സൗജന്യമായിരിക്കും. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾക്ക് പരിശോധന നിർബന്ധമാക്കിയ സാഹചര്യത്തിലാണ് പരിശോധന സൗജന്യമാക്കിയത്.