താലിബാൻ അഫ്ഗാനിസ്താനിലെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചു. അംബാസഡറും നയതന്ത്ര പ്രതിനിധികളും അടക്കം 120 പേരെ വഹിച്ചു കൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം സി-17 കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും മന്ത്രാലയം വ്യക്തമാക്കി.
ജനത്തിരക്ക് കാരണം അടച്ചിട്ട കാബൂള്‍ വിമാനത്താവളം തുറന്നതോടെ പൗരന്മാരെ കൊണ്ടുപോകുന്നത് പുനരാരംഭിക്കുമെന്ന് ലോകരാജ്യങ്ങൾ അറിയിച്ചിരുന്നു. ഇന്ത്യയും കൂടുതൽ വിമാനങ്ങളയക്കും. ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം.
അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമർജൻസി വിസ സൗകര്യം ഏർപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പൗരന്മാരെ അഫ്ഗാനിൽ നിന്ന് തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ അമേരിക്കയുടെ സഹായം തേടിയിരുന്നു. അഫ്ഗാനിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇരുരാജ്യങ്ങളും ചർച്ച ചെയ്തു.