കാണാൻ കൊതിക്കുന്ന ആഴക്കടലിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഒരുക്കുന്ന യാസ് ഐലൻഡിലെ ‘സീ വേൾഡ് അബുദാബി’ അടുത്ത വർഷം തുറക്കാൻ ഒരുങ്ങുകയാണ്. 1.83 ലക്ഷം ചതുരശ്ര മീറ്ററിൽ 5 നിലകളിലായി നിർമിക്കുന്ന സീ വേൾഡ് ‘കരയിലെ കടൽ’ ആകുമെന്നതിൽ സംശയമില്ല.
പടൂകൂറ്റൻ അറകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ, ചെറുഗുഹകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന വിസ്മയക്കാഴ്ചയുടെ നിർമാണം 64% പൂർത്തിയായി. അക്വേറിയം സങ്കൽപങ്ങൾക്കുമപ്പുറം മറൈൻ ലൈഫ് പാർക്ക്, പഠന-ഗവേഷണ കേന്ദ്രങ്ങൾ, ഉല്ലാസ മേഖലകൾ എന്നിയുൾപ്പെടുന്ന വലിയ സംരംഭമാണിത്.
20 മീറ്റർ ഉയരമുള്ള നീളൻ ജനാലയുടെ മാതൃകയിലുള്ള ‘എൻഡ് ലസ് വിസ്റ്റ’യിലൂടെ വിവിധ തട്ടുകളിലെ കാഴ്ചകൾ ഒരേസമയം കാണാനാകും. കടലിലെ സ്വാഭാവിക ആവാസ വ്യവസ്ഥയായിരിക്കും ഒരുക്കുന്നത്. രണ്ടരക്കോടി ലിറ്റർ വെള്ളം സംഭരണശേഷിയുണ്ട് ഈ കടൽക്കൊട്ടാരത്തിന്.