ഖത്തറില്‍ സ്വകാര്യ സ്കൂളുകൾ ട്യൂഷന് ഫീസുള്‍പ്പെടെ എല്ലാ തരം ഫീസുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഫീസ് വര്‍ധിപ്പിക്കരുതെന്ന് ഉത്തരവ്. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഫീസോ മറ്റ് ചാര്‍ജ്ജുകളോ വർധിപ്പിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ സ്വകാര്യ സ്കൂളുകളില്‍ ഉന്നതനിലവാരത്തിലുള്ള പഠന സാഹചര്യം ഒരുക്കുന്നതിനായുള്ള നടപടികളാണ് മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ സ്കൂള്‍ ഉടമകള്‍ തുടങ്ങി എല്ലാ വിഭാഗക്കാര്‍ക്കും തൃപ്തികരമായ രീതിയിലുള്ള അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ സ്വകാര്യ സ്കൂളുകളും കിന്റർഗാർഡനുകളും ഈടാക്കുന്ന ട്യൂഷന് ഫീസും മറ്റ് ഫീസുകളും ലൈസൻസിംഗ് വിഭാഗം കർശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.