അള്‍ജീരിയയില്‍ പടരുന്ന കാട്ടുതീയില്‍ നിന്നും ഗ്രാമീണരെ രക്ഷിക്കാനുള്ള അപകടകരമായ രക്ഷാപ്രവര്‍ത്തനത്തിനിടെ 25 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 100ഓളം ആളുകളെ ഇതിനോടകം സൈനികർ കാട്ടുതീയിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്തു നിന്ന് 100 കിലോമീറ്റര്‍ കിഴക്കുള്ള കാബൈലിയിലാണ് (Kabyle)കാട്ടുതീ പടരുന്നത്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. 17 ഗ്രാമീണരും, ചുരുങ്ങിയത് 25ഓളം സൈനികരും മരിച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് അബ്ദല്മാദിജിദ് ടിബോനി (Abdelmadjid Tebboune) അറിയിച്ചു.
ഗ്രാമീണരുടെ പ്രധാന വരുമാനോപാധികളായ കന്നുകാലികളും കോഴികളുമൊക്കെ കാട്ടുതീയില്‍ പൂർണമായും ചത്തൊടുങ്ങി. കന്നുകാലികളെയും പ്രദേശവും ഉപേക്ഷിച്ച് പോരാനുള്ള ഗ്രാമീണരുടെ പ്രയാസവും ജലദൗര്‍ലഭ്യതയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. അതോടൊപ്പം തന്നെ സൈനികരുടേതടക്കമുള്ള മരണ സംഖ്യ 42 ആണെന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും യഥാര്‍ഥ മരണ സംഖ്യ ഇതിലും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.