വാദിക്കും പ്രതിക്കും ഏത് സമയത്തും തങ്ങളുടെ വാദങ്ങളും തെളിവുകളും നിർത്താൻ സഹായിക്കുന്ന വിർച്യുൽ പ്ലീഡിങ് സംവിധാനവുമായി യുഎഇ. കോടതിയിൽ കേസ് വാദത്തിനെടുക്കുമ്പോൾ ഇരുകക്ഷികൾക്കും അഭിഭാഷകരുടെ സാന്നിധ്യത്തിലോ ജഡ്ജിയുടെ മുന്നിലോ വാദങ്ങളും രേഖകളും നിരത്താം. വെർച്വൽ ഡിജിറ്റൽ പ്ലീഡിങ് സംവിധാനം സ്മാർട് ജസ്റ്റിസ് സിസ്റ്റത്തിൽ ലഭ്യമാക്കിയതായി കഴിഞ്ഞദിവസം നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
സ്മാർട്ട് ഫോണിലൂടെ 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. കേസ് വിസ്താരത്തിന് അനുവദിച്ചിരിക്കുന്ന സമയം മുഴുവൻ രാപകലില്ലാതെ പുതിയ തെളിവുകളോ വാദമുഖങ്ങളോ ഈ സംവിധാനത്തിലൂടെ സമർപ്പിക്കാം. ഡിജിറ്റൽ വൽക്കരണം ശക്തമാക്കി കാര്യശേഷി വർധിപ്പിച്ച് സർക്കാർ സേവനങ്ങൾ കാര്യക്ഷമമാക്കുന്ന യുഎഇ സർക്കാർ പദ്ധതിയുടെ ഭാഗമാണ് ഈ സംവിധാനമെന്നും അധികൃതർ അറിയിച്ചു. ഏതു സമയത്തും എവിടെ ഇരുന്നും കോടതി സെഷനുകൾ കാണാനാകുമെന്നതിനാൽ സമയവും പണവും ലാഭിക്കാനാകും.