താമസ വിസാ കാലാവധി കഴിഞ്ഞവരുടെ വിസ കാലാവധി യുഎഇ സൗജന്യമായി നീട്ടിനല്‍കിയത് നാട്ടിലുള്ള ദുബൈ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന വാർത്തയാണ്. ദുബൈയിലെ റെസിഡന്റ് വിസക്കാര്‍ക്കാണ് ജി.ആര്.എഫ്.എ സ്മാര്‍ട്ട് സിസ്റ്റത്തില്‍ വിസാ കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്. ഗ്രേസ് പീരിഡ് അടക്കം ഡിസംബര്‍ 9 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. കാലാവധി പിന്നിട്ടവര്‍ നവംബര്‍ 9 മുമ്പ് ദുബൈയിലേക്ക് തിരിച്ചു വരേണ്ടി വരുമെന്ന് വിസാ സേവനരംഗത്തുള്ളവര്‍ പറയുന്നു. അതിനിടെ, ടൂറിസ്റ്റ് വിസക്കാര്‍ക്കും താമസിയാതെ ദുബൈയിലേക്ക് മടങ്ങാന്‍ അനുമതി ലഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.
റെസിഡന്റ് വിസക്കാര്‍ക്ക് ബാധകമായ നിബന്ധനകള്‍ ടൂറിസ്റ്റ് വിസക്കാര്‍ക്കും ബാധകമായിരിക്കും എന്ന് അറിയിപ്പില്‍ പറയുന്നു. കാലാവധി പിന്നിട്ട മറ്റ് എമിറേറ്റുകളിലെ റെസിഡന്റ് വിസക്കാര്‍ക്കും സമാനമായ ഇളവുകള്‍ അടുത്തദിവസങ്ങളില്‍ ലഭ്യമാകുമെന്നാണ് സൂചന.