കുവൈറ്റിൽ 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ റെസിഡന്‍സി പുതുക്കുന്നതിനുള്ള നിബന്ധനകള്‍ പുനഃപരിശോധിക്കണമെന്ന് വാണിജ്യ, വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന്‍ മാനവ വിഭവശേഷി അതോറിറ്റിയോട് ആവശ്യപ്പെട്ടു. അറുപതു വയസ്സ് കഴിഞ്ഞ സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കില്ലെന്നു മാനവ വിഭവശേഷി അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. അതോറിറ്റി മേധാവി അഹമ്മദ് അല്‍ മൂസയാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിൽ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.
എന്നാൽ ഇതിനെതിരെ എതിർപ്പുകൾ ഉയര്‍ന്നതിനെ തുടര്‍ന്ന് 2,000 ദിനാര്‍ വാര്‍ഷിക ഫീസ് ഈടാക്കി ഇഖാമ പുതുക്കി നല്‍കാന്‍ മാനവവിഭവശേഷി അതോറിറ്റി തയ്യാറായിരുന്നു. എന്നാല്‍ 2,000 ദിനാര്‍ എന്ന ഫീസ് നിരക്ക് പുനഃപരിശോധിക്കണമെന്നും 500 ദിനാര്‍ ആക്കി ഫീസ് കുറയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നേരത്തെ വാണിജ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും സമാന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഈ വിഷയത്തിൽ ചര്‍ച്ച ചെയ്യാന്‍ മാനവ വിഭവശേഷി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അടുത്ത ദിവസം വീണ്ടും യോഗം ചേരുമെന്നാണ് വിവരം.