കോവിഡ് ഡെൽറ്റ വകഭേദം ഖത്തറിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗപ്പകർച്ച തടയാൻ കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നുണ്ടെന്നും, വ്യാപനം നിയന്ത്രണ വിധേയമാവുകയാണെങ്കിൽ സെപ്റ്റംബറിൽ നാലാം ഘട്ട ഇളവുകൾ നടപ്പാക്കുമെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധി അറിയിച്ചു.
ഖത്തറില്‍ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി അറിയിച്ചത് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനിയാണ്. ലോകത്ത് ആദ്യ ഡെല്‍റ്റ ബാധിതന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് നാല് മാസം കഴിഞ്ഞാണ് ഖത്തറില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ രോഗികളുടെ എണ്ണത്തില്‍ താരതമ്യേന വര്‍ധനവുണ്ടായത് കാരണമാണ് ഓഗസ്റ്റിലും മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. നിലവില്‍ യാത്രാ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കിയതിനാല്‍ രോഗപ്പകര്‍ച്ച കൂടാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങള്‍ കോവിഡ് സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കുന്നത് കര്‍ശനമായി തന്നെ തുടരണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.