സൗദിയിൽ കോവിഡ് വാക്സിൻ നിർബന്ധമാക്കി. സമ്പൂർണ്ണ വാക്സിൻ പദ്ധതിയിലൂടെ രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ നിയമപ്രകാരം വാക്സിൻ എടുക്കാത്തവർക്ക് അടുത്ത ഘട്ടത്തോടെ ജോലി നഷ്ടമാകും.
സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനും വാക്സിൻ എടുത്തവർക്ക് മാത്രമാകും അനുമതി നൽകുക. വാക്സിനെടുക്കാത്തവർക്ക് തത്കാലം വീട്ടിലിരുന്ന് ജോലി ചെയ്യാൻ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം, എങ്കിലും ഓഗസ്റ്റ് 9 ന് മുൻപ് ഇവർ നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം.
ഓഗസ്റ്റ് 9 നകവും വാക്സിൻ എടുക്കാത്തവരെ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കും. നിർബന്ധിത അവധി 20 ദിവസം പിന്നിട്ടിട്ടും വാക്സിൻ എടുക്കാത്തവരുടെ തൊഴിൽ കരാർ സ്ഥാപനങ്ങൾക്ക് റദ്ദാക്കാം. സർക്കാർ സ്ഥാപനങ്ങളിലുള്ളവർ വാക്സിൻ എടുത്തില്ലെങ്കിൽ ഇവർക്ക് വർക്ക് ഫ്രം ഹോമിനുള്ള സൗകര്യം ഏർപ്പെടുത്തും.