ദുബായ്: യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. ഗോൾഡൻ വിസയ്ക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് യുഎഇ ഗവൺമെന്റ് പുറത്തിറക്കി. കോവിഡിനെതിരെ പോരാട്ടത്തിൽ കടിഞ്ഞാൺ പിടിക്കുന്നതിനുള്ള ആദരവാണിതെന്ന് ഗവണ്മെന്റ് വ്യക്തമാക്കി.
യുഎഇ ആരോഗ്യ വകുപ്പിന്റെ ലൈസൻസുള്ള എല്ലാ ഡോക്ടർമാർക്കും ഈ മാസം മുതൽ 2022 സെപ്റ്റംബർ വരെ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാമെന്ന് അറിയിപ്പുണ്ട്. ഡോക്ടർമാരോടൊപ്പം അവരുടെ കുടുംബത്തിനും 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കും. smartservices.ica.gov.ae എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ദുബായ് ലൈസൻസുള്ള ഡോക്ടർമാർ ആണെങ്കിൽ smart.gdrfad.gov.ae എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്.
ഡോക്ടർമാരുടെ വിസ നടപടികൾ പൂർത്തീകരിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് യുഎഇ യിൽ ഏഴ് കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പുതിയ തീരുമാനം.