വിദേശത്ത് നിന്ന് യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലെ വിമാനത്താവളങ്ങളിൽ ഇറങ്ങി അബുദാബിയിലേക്ക് വരുന്ന പ്രവാസികളെ സഹായിക്കുന്നതിനായി ദുബായ് – അബുദാബി അതിർത്തിയായ ഗന്തൂത്തിൽ ഇന്റർനാഷണൽ പാസഞ്ചർ സെന്റർ സജ്ജീവമായി. വിമാനത്താവളങ്ങളിൽ ഇറങ്ങി അബുദാബിയിലേക്ക് പോകുന്ന യാത്രക്കാർ പാസഞ്ചർ സെന്ററിൽ എത്തി അപേക്ഷാഫോം പൂരിപ്പിച്ചു നൽകണം. അബുദാബിയുടെ ഗ്രീൻലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. പക്ഷെ ആറാം ദിവസവും പന്ത്രണ്ടാം ദിവസവും ഇവർ പി.സി.ആർ. ടെസ്റ്റ് നിർബന്ധമായും ചെയ്തിരിക്കണം.
ഗ്രീൻലിസ്റ്റിന് പുറത്തെ രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ വാക്‌സിൻ സ്വീകരിക്കാത്തവരുണ്ടെങ്കിൽ 12 ദിവസം ക്വാറന്റൈനിൽ കഴിയുകയും പതിനൊന്നാമത്തെ ദിവസം പി.സി.ആർ ടെസ്റ്റിന് വിധേയരാവുകയും വേണം. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരാണെങ്കിൽ ആറ് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയാകും. ക്വാറന്റൈനിൽ കഴിയേണ്ടവരെ നിരീക്ഷിക്കാനും ക്വാറന്റൈൻ ഉറപ്പുവരുത്താനും യാത്രക്കാർക്ക് ജി.പി.എസ് ഉപകരണം ധരിപ്പിക്കും.