രാത്രിയിലെ അണു നശീകരണ യജ്ഞവും കർശനമായ പ്രവേശന നടപടികളും ഉൾപ്പെടെ കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള നടപടിക്രമങ്ങൾ അബുദാബിയിൽ നിലവിൽ വന്നു. ബലിപ്പെരുന്നാൾ സമയത്ത് കോവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് ദേശീയ ദുരന്ത നിവാരണ സമിതിയാണ് പുതിയ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കിൽ എല്ലാവരും വാക്‌സിൻ നിർബന്ധമായും എടുത്തിരിക്കണം. വാക്സിനേഷൻ രണ്ടും എടുത്തവരാണെങ്കിലും 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. ഈദ് ഉൽ ഫിത്തറിന് ശേഷം ജൂണിൽ വൈറസ് വ്യാപനം ശക്തമായ സാഹചര്യം കണക്കിലെടുത്താണ് പുതിയ മുൻകരുതലുകൾ എടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂലൈ 19 മുതൽ രാത്രി 12 മുതൽ പുലർച്ചെ 5 വരെ അണുനശീകരണ യജ്ഞവും രാത്രികാല കർഫ്യുവും ആരംഭിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ യാത്ര അനുമതിയോടു കൂടി മാത്രമേ രാത്രി പുറത്തിറങ്ങാവു.
തീയറ്ററുകളിൽ 30% ഉം മാളുകളിൽ 40% ഉം ബീച്ച്, പാർക്ക്, കഫെ, സ്പാ, ജിം,റെസ്റ്റോറന്റ് തുടങ്ങിയിടങ്ങളിൽ 50% ഉം ശേഷിയിൽ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.