ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് യു.എ.ഇ. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്ക്. ഈ രാജ്യങ്ങളിലെ യാത്രക്കാരുടെ വിലക്ക് അനിശ്ചിത കാലത്തേക്കായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വീണ്ടും ഉറപ്പിച്ചാണ് പുതിയ സർക്കുലർ. ഈ രാജ്യങ്ങളിലെ കോവിഡിൻെറ അവസ്ഥ യു.എ.ഇ സർക്കാർ നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ചായിരിക്കും തുടർതീരുമാനമെന്നും സർക്കുലറിൽ പറയുന്നു.
ജൂലൈ 25 വരെ സർവീസില്ലെന്ന് എമിറേറ്റ്സും 31 വരെ സർവീസില്ലെന്ന് ഇത്തിഹാദും അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് യു.എ.ഇ സിവിൽ ഏവിയേഷൻെറ സ്ഥിരീകരണം. നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസ, ഇൻവസ്റ്റർ വിസ എന്നിവയുള്ളവർക്ക് യു.എ.ഇയിൽ വരുന്നതിന് തടസമില്ല.