ന്യൂഡൽഹി: കേന്ദ്ര ഐടി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെ ഫേസ്ബുക്കിനേയും ഗൂഗിളിനേയും പ്രശംസിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. സുതാര്യതയിലേക്കുള്ള വലിയ ചുവടുവെയ്പ്പാണിതെന്ന് മന്ത്രി പറഞ്ഞു. മെയ് 15 മുതൽ ജൂൺ 15 വരെയുള്ള മൂന്ന് കോടിയിലധികം പോസ്റ്റുകൾക്കെതിരെയാണ് കമ്പനി നടപടി സ്വീകരിച്ചത്.
ഐടി ചട്ടം പാലിക്കാത്ത 30 ദശലക്ഷത്തിലധികം പോസ്റ്റുകൾക്കെതിരെയാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചത്. രണ്ട് ദശലക്ഷം പോസ്റ്റുകൾക്കെതിരെ ഇൻസ്റ്റാഗ്രാമും 59,350 ഓളം ലിങ്കുകൾ ഗൂഗിളും നീക്കം ചെയ്തിരുന്നു. 5,502 പരാതികളിൽ 1,253 എണ്ണം പരിഹരിച്ചതായി കൂ ആപ്പും അറിയിച്ചിരുന്നു. പിന്നാലെയാണ് വാർത്ത പങ്കുവെച്ച് രവിശങ്കർ പ്രസാദും എത്തിയത്. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ച് പോസ്റ്റുകൾ നീക്കം ചെയ്ത നടപടി സ്വാഗതാർഹമാണെന്ന് മന്ത്രി കുറിച്ചു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളെ സംബന്ധിച്ച് ലഭിച്ച പരാതികളും അതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര ഐടി നിയമങ്ങൾ നിർദ്ദേശിക്കുന്നത്. നീക്കം ചെയ്ത പോസ്റ്റുകളിലെ പ്രകോപനപരമായ ഭാഗങ്ങളെ കുറിച്ചുള്ള പ്രത്യേക സൂചനകളും ഇതിൽ ഉൾപ്പെടുത്തണം. കംപ്ലെയിന്റ്‌സ് ഓഫീസർ പരാതികൾ നിരീക്ഷിച്ച് പരിഹാരം കാണമെന്നുമായിരുന്നു കേന്ദ്ര നിർദ്ദേശം.
മെയ് 25 മുതലാണ് രാജ്യത്ത് പുതിയ ഐടി നിയമം പ്രാബല്യത്തിൽ വന്നത്. ഇത് പ്രകാരം ഉപയോക്താക്കളിൽ നിന്നോ മറ്റോ ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് ഒരു സംവിധാനം വേണമെന്ന് നിർദ്ദേശിച്ചിരുന്നു. 50 ലക്ഷത്തിൽ അധികം ഉപയോക്താക്കളുള്ള എല്ലാ സുപ്രധാന സമൂഹ മാദ്ധ്യമ സ്ഥാപനങ്ങളും പരാതികൾ കൈകാര്യം ചെയ്യുന്നതിന് ഒരു കംപ്ലെയിൻറ്‌സ് ഓഫീസറെ നിയമിക്കണമെന്നായികുന്നു നിർദ്ദേശം. ഇത്തരം ഉദ്യോഗസ്ഥർ ഇന്ത്യയിൽ താമസിക്കുന്നവർ ആയിരിക്കണമെന്നും പുതിയ നിയമം പറയുന്നു.