ന്യൂഡൽഹി: കേന്ദ്ര ഐടി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്. മേയ് 15 മുതൽ ജൂൺ 15 വരെ മൂന്ന് കോടിയിലധികം പോസ്റ്റുകൾക്കെതിരെയാണ് കമ്പനി നടപടി സ്വീകരിച്ചത്. ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഫേസ്ബുക്ക് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. പുതുക്കിയ ഐടി ചട്ടങ്ങൾക്ക് കീഴിൽ പത്തോളം വിഭാഗത്തിൽ പെടുന്ന ലംഘനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഫേസ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റഗ്രാമും 20 ലക്ഷം പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചു. ഒൻപത് വിഭാഗത്തിൽ പെടുന്ന ചട്ടലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പോസ്റ്റുകളെ സംബന്ധിച്ച് ലഭിച്ച പരാതികളും അതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര ഐടി നിയമങ്ങൾ നിർദ്ദേശിക്കുന്നു. നീക്കം ചെയ്ത പോസ്റ്റുകളിലെ പ്രകോപനപരമായ ഭാഗങ്ങളെ കുറിച്ചുള്ള പ്രത്യേക സൂചനകളും ഇതിൽ ഉൾപ്പെടുത്തണം. സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അത് കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.