ന്യൂഡൽഹി : ജമ്മു കശ്മീരിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്(ബിഎസ്എഫ്) ആസ്ഥാനം സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി. ജമ്മു കശ്മീരിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം.
മഞ്ഞിലും, മഴയത്തും, കാട്ടിലും, മരുഭൂമിയിലും, മഹാമാരികളെയും തീവ്രവാദികളെയും വെല്ലുവിളിച്ച് കൊണ്ട് രാജ്യത്തിന് വേണ്ടി പോരാടുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. അതിർത്തിയിലെ നിലവിലുള്ള സാഹചര്യവും കിഷൻ റെഡ്ഡി വിലയിരുത്തി.
രാജ്യത്തിന് നേരെ വരുന്ന ഭീഷണികളും ആക്രമണങ്ങളും അതിനെ സുരക്ഷാ സേന ചെറുത്തുനിൽക്കുന്ന രീതിയും ബിഎസ്എഫ് ഇൻസ്‌പെക്ടർ ജനറൽ എൻഎസ് ജംവാൽ വിശദീകരിച്ചു. അതിർത്തിയിലെ ഭീഷണികളെ നിർവീര്യമാക്കുന്നതിന് ബിഎസ്എഫ് സ്വീകരിച്ച നൂതന സംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് നടന്ന ചടങ്ങിൽ ജി കിഷൻ റെഡ്ഡി സേനയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജമ്മു അതിർത്തി ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ അതിർത്തികളും സംരക്ഷിക്കുന്ന സുരക്ഷാ സേന മികച്ച പ്രവർത്തനമാണ് നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും സമഗ്രതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.