ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികളുടെ വിവിധ പരാതികൾക്ക് പരിഹാരം കാണാൻ പ്രത്യേക ‘ഓപൺ ഹൗസ്’ സംഘടിപ്പിക്കുന്നു. കോൺസുലേറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ളതും സാധാരണ നടപടിക്രമങ്ങളിൽ ഉൾപ്പെടാത്തതുമായ പരാതികൾക്ക് പരിഹാരം കാണുന്നതിനുള്ള ഈ പരിപാടി നവംബർ 27ന് നടക്കും. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വെച്ച് വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന ഓപൺ ഹൗസിലേക്ക് ഉച്ചയ്ക്ക് 2.30 മുതൽ പ്രവേശനം അനുവദിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുക്കേണ്ടതില്ല. നിശ്ചിത സമയത്ത് നേരിട്ട് എത്തിച്ചേരാവുന്നതാണ്. പ്രവാസികളുടെ പരാതികൾ കേൾക്കാനും അവക്ക് അടിയന്തര പരിഹാരം കാണാനും കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, കോൺസുലർ വിഭാഗം ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ നേരിട്ട് ഓപൺ ഹൗസിൽ പങ്കെടുക്കും. ജിദ്ദ കോൺസുലേറ്റിന്‍റെ അധികാരപരിധിയിലുൾപ്പെടുന്ന സൗദി പ്രദേശങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ അടിയന്തരമായ കോൺസുലർ, വെൽഫെയർ സംബന്ധമായ പരാതികൾ നേരിട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇതൊരു മികച്ച അവസരമായിരിക്കും.









